ഏഴു വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി യുവാവിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍

റിയാദ്: ഏഴു വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി യുവാവിന്റെ മൃതദേഹം റിയാദിലെ ആശുപത്രി മോര്‍ച്ചറിയില്‍.

ആലപ്പുഴ ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശി അരുണ്‍ കുമാറിന്റെ (30) മൃതദേഹമാണ് റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

റിയാദില്‍ വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന അരുണ്‍ കുമാര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ശുമൈസിയില്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു.

ഏഴുവര്‍ഷം മുമ്പ് സൗദിയില്‍ പോയ മകന്‍ തിരിച്ചുവരാന്‍ നാട്ടില്‍ അമ്മ ഗീത കണ്ണീരോടെ കാത്തിരിക്കുന്ന വിവരം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഫോണില്‍ അമ്മയും മകനും തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മെയ് ഒന്നിനാണ് അവസാനമായി സംസാരിച്ചത്.

കുറച്ചു പണം അത്യാവശ്യമായി അയച്ചു തരണമെന്നും ചില സാമ്പത്തിക ബാധ്യത ഉണ്ടെന്നും അരുണ്‍ പറഞ്ഞെന്നു സഹോദരന്‍ മുത്തുകുമാര്‍ പറയുന്നു.

അതിന് ശേഷമാണ് വിവരമില്ലാതായത്. ഫോണ്‍ സ്വിച്ച് ഓഫാവുകയും ചെയ്തു. തുടര്‍ന്ന് കുടുംബം റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയായിരുന്നു.

ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും പരാതി നല്‍കി.

സൗദി പൊലീസ് അറിയിച്ചതനുസരിച്ചു ശുമൈസി മോര്‍ച്ചറിയിലെ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ ചെന്ന റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂരാണ് അരുണ്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ വിവരം നാട്ടില്‍ കുടുംബത്തെ അറിയിച്ചു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ്.

സൗദിയില്‍ എത്തി ഏഴുവര്‍ഷമായ അരുണ്‍ അതിനിടയില്‍ ഒരിക്കല്‍ പോലും നാട്ടില്‍ പോയിട്ടില്ല.

അവിവാഹിതനാണ്. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള ശ്രമവുമായി സിദ്ദിഖ് തൂവൂര്‍, ദഖ്വാന്‍, ഫിറോസ് കൊട്ടിയം എന്നിവര്‍ രംഗത്തുണ്ട്.

അയല്‍വാസിയും സാമൂഹിക പ്രവര്‍ത്തകനുമായ നെല്‍സണും അഡ്വ. നസീര്‍ കാര്യറയും നാട്ടില്‍ നിന്ന് സഹായത്തിനുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *