ജിദ്ദ : റമദാനിൽ ഒരോ വ്യക്തിക്കും ഒരുതവണ മാത്രമേ ഉംറക്ക് അനുവാദം നൽകൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഉംറ ആവർത്തിക്കാൻ അനുവദിക്കില്ല. എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകാനാണ് ഈ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.
റമദാനിൽ ഒരു ഉംറ നിർവഹിക്കുന്നതിൽ എല്ലാവരും തൃപ്തരായാൽ മറ്റുള്ളവർക്ക് അവരുടെ ഉംറ കർമങ്ങൾ സമാധാനത്തോടെയും അനായാസമായും നിർവഹിക്കുന്നതിന് വലിയ സഹായമാകും.
ഉംറ നിർവഹിക്കുന്നതിന് ‘നുസ്‌ക്’ ആപ്ലിക്കേഷനിൽ നിന്ന് അനുമതി നേടേണ്ടതുണ്ട്. ഉംറ നിർവഹണത്തിന് നിർദ്ദിഷ്ട സമയം പാലിക്കണം. സമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ പെർമിറ്റിനുള്ള സമയം ആരംഭിക്കുന്നതിന് മുമ്പ് നുസ്‌ക് ആപ്ലിക്കേഷൻ വഴി ബുക്കിങ് റദ്ദാക്കാവുന്നതാണ്.
പിന്നീട് പുതിയ അനുമതിപത്രം അപേക്ഷിച്ച് നേടാം. തീയതികൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബുക്കിങ് തീയതി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വീണ്ടും തീയതി കണ്ടെത്താനുള്ള ശ്രമം ആവർത്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Only one Umrah allowed in Ramadan - Ministry of Hajj and Umrah