ദുബായ്: ഫുട്ബോൾ പ്രേമികൾക്ക് മനോഹരമായ ഫുട്ബോൾ അനുഭവമൊരുക്കുന്ന ദ് ബ്യൂട്ടിഫുൾ ഗെയിം പ്രദർശനം ദുബായിലും ജിസിസിയിലെ മറ്റു നഗരങ്ങളിലും അടുത്ത 4 മാസം നടക്കും. ദുബായ് പാർക്സ് ആൻഡ് റിസോർടിലെ റിവർലാൻഡിലാണു പ്രദർശനം.
മധ്യപൂര്‍വദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു ടൂറിങ് എക്സിബിഷൻ ഒരുക്കുന്നത്. ഡീഗോ മറഡോണ, പെലെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി, റൊണാൾഡീഞ്ഞോ എന്നിവരടക്കം ഒട്ടേറെ ഫൂട്ബോൾ ഇതിഹാസങ്ങൾ ധരിച്ച ജഴ്സി, ഷൂസ്, കളിക്കാനുപയോഗിച്ച പന്ത് തുടങ്ങിയ 100 ലേറെ വസ്തുക്കൾ പ്രദർശനത്തിലുണ്ട്.
കൂടാതെ, വിവിധ ചാംപ്യൻഷിപ്പുകളുടെ കഥകളറിയാനും യഥാർഥ ട്രോഫികള്‍ അരികെ നിന്നു കാണാനും അവസരമുണ്ടാകും. ലോകത്തെ ഏറ്റവും പ്രിയപ്പെട്ട കായികവിനോദമായ ഫുട്ബോളിനെക്കുറിച്ചറിയാൻ അവിസ്മരണീയമായൊരു യാത്രയാണ് പ്രദർശനത്തിലൂടെ സമ്മാനിക്കുകയെന്ന് സംഘാടകർ പറഞ്ഞു.
തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരങ്ങളും നായകന്മാരും പ്രദർശനത്തിൽ നിറഞ്ഞുനിൽക്കും. ആധുനിക ഫുട്ബോളിന്റെ ആധികാരിക വസ്തുക്കളുടെ പ്രദർശനം. ലോകത്തെങ്ങുമുള്ള മ്യൂസിയങ്ങളിലെ 100 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപരമായ വസ്തുക്കൾ എന്നിവയുമുണ്ടായിരിക്കും.
എല്ലാവരിൽ നിന്നുമുള്ള കഥകളും ഇതിഹാസങ്ങളും പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന സവിശേഷമായ പ്ലാറ്റ്‌ഫോമാണ് പ്രദർശനമെന്നും മുതിർന്നവർക്കും കുട്ടികൾക്കും വേറിട്ട അനുഭവമായിരിക്കും ഇതെന്നും റീജിയണൽ പ്രമോട്ടറായ ലെൻസൊ മാനേജിങ് ഡയറക്ടർ താരിഖ് അൽ മാഷിനി പറഞ്ഞു. യൂണിവേഴ്സൽ എക്സിബിഷൻ ഗ്രൂപ്പി(യുഇജി) സഹകരണത്തോടെ ഇന്റർനാഷനൽ ടൂറിങ് എക്സിബിഷൻസ്(െഎടിഇ)യാണ് പ്രദർശനം ഒരുക്കുന്നത്.
Want to see the jersey worn by Pele, Maradona and Messi? The exhibition is being prepared in Dubai