Feb 12, 2024 06:16 AM

ഖത്തർ: (gccnews.com) ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്.

മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി.

ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്.

ഖത്തർ അമിർ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നല്കിയിരുന്നു. ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.

ഒക്ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി എട്ട് പേർക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മുൻ നാവികരുടെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ച് ഡിസംബർ 28ന് അപ്പീൽ കോടതി വധശിക്ഷ റദ്ദാക്കി.

പകരം ഓരോത്തർക്കും വ്യത്യസ്ത കാലയളവിലുള്ള ജയിൽ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അൽ ദഹ്റ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന എട്ട് പേർ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അറസ്റ്റിലായത്.

ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയാണെന്ന് ഖത്തർ അധികൃതരോ ഇന്ത്യൻ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. മാർച്ച് 25ന് ഇവർക്കെതിരെ കുറ്റപത്രം നൽകുകയും തുടർന്ന് ഒക്ടോബർ 26ന് പ്രാഥമിക കോടതി വിചാരണ പൂർത്തിയാക്കി വധശിക്ഷ വിധിക്കുകയുമായിരുന്നു.

#ex-Navy #officers #including #Malayali #who #imprisoned #Qatar #released

Next TV

Top Stories










Entertainment News