മക്ക: (gccnews.in) വേനൽചൂട് കനത്തതോടെ തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി മദീനയിലെ ആരോഗ്യ മന്ത്രാലയം.
49 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ കഴിഞ്ഞ ദിവസങ്ങളിൽ മദീനയിലെ ചൂടെത്തി. ഹറമുകളിലേക്ക് എത്തുന്ന ഹാജിമാർക്ക് പ്രത്യേക മാർഗനിർദ്ദേശവും ഹജ്ജ് മന്ത്രാലയം ഇറക്കിയിട്ടുണ്ട്.
വേനൽക്കാലത്തിലേക്ക് പ്രവേശിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായ ചൂടാണ് മക്കയിലും മദീനയിലും. ഹജ്ജ് ദിനങ്ങളിൽ 50നു മുകളിൽ താപനില എത്തിയിരുന്നു.
ഇത് നിരവധി ഹാജിമാരുടെയും മരണത്തിനിടയാക്കി. ഹജ്ജ് അവസാനിച്ചതോടെ ഇനി ഹാജിമാർ മദീന സന്ദർശത്തിനായി പുറപ്പെടുമ്പോൾ 49 ഡിഗ്രിക്ക് മുകളിലാണ് മദീനയിലെ താപനില രേഖപ്പെടുത്തുന്നത്.
രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ നേരിട്ട് വെയിൽ കൊള്ളരുതെന്ന് മുന്നറിയിപ്പുണ്ട്. സൂര്യാഘാതം ഏറ്റാൽ ഉടനടി ചികിത്സ തേടുകയും വേണം.
കുട ഉപയോഗിക്കാനും വെള്ളം ധാരാളം കുടിക്കാനും മുന്നറിയിപ്പുണ്ട്. മദീന സന്ദർശനം നടത്തുന്ന ഹാജിമാർക്ക് പതിനായിരത്തിലേറെ വെള്ളക്കുപ്പികൾ നൽകി.
4850 കുടകളും 3297 മെഡിക്കൽ കിറ്റുകളും വിതരണം ചെയ്തു. 3500 ഐസ് ബാഗുകളും ഉപയോഗിച്ചു. സൂര്യാഘാത മേൽക്കുന്നവരെ ചികിത്സിക്കാനായി 32 ബെഡുകളുള്ള പ്രത്യേക കേന്ദ്രങ്ങളും മദീനയിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ഹജ്ജ് മിഷനും ഹാജിമാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വെയിൽ കൂടുതലുള്ള സമയങ്ങളിൽ ഹറമിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.
അല്ലെങ്കിൽ കനത്ത വെയിലിന് മുന്നേ ഹറമിലെത്തണമെന്നും മിഷൻ ഓർമിപ്പിക്കുന്നു. മക്കയിലുള്ള ഹാജിമാർ നാട്ടിലേക്ക് മടങ്ങും മുമ്പ് വിടവാങ്ങൽ ത്വവാഫ് തുടരുകയാണ്.
ചൂടുള്ള സാഹചര്യത്തിൽ ഇവരോട് രാത്രിയിൽ ത്വവാഫ് പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
#Holy #cities #scorched #summerheat #Ministry #Health #Madinah #warning