മസ്കത്ത്: (gcc.truevisionnews.com)ഒമാനടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം 90 ലക്ഷം കടന്നു.
വിവിധ മേഖലകളിലായി 92,58,302 ആളുകളാണ് ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കഴിഞ്ഞദിവസം പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും കൂടുതൽ ആളുകളുള്ളത് യു.എ.ഇയിലാണ്. 35,54,274 ഇന്ത്യൻ പ്രവാസികളാണ് ഇവിടെ താമസിക്കുന്നത്. 26,45,302 ആളുകളുമായി സൗദിയാണ് തൊട്ടടുത്തത്.
10,00,726 പേരുമായി കുവൈത്ത് മൂന്നാം സ്ഥാനത്താണുള്ളത്. 8,35,000 പേരുമായി ഖത്തർ നാലും 6,73,000 ആളുകളുമായി ഒമാൻ അഞ്ചാം സ്ഥാനത്തുമാണ്.
ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറച്ച് ഇന്ത്യക്കാർ കഴിയുന്നത് ബഹ്റൈനിലാണ്. ഇവിടെ 3,50,000പേർ മാത്രമാണുള്ളതെന്ന് മന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു.
ഫിൻടെക്, ഹെൽത്ത്കെയർ, ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിങ്, ബാങ്കിങ്, ക്ലീനർമാർ, വീട്ടുജോലിക്കാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ നിയമ പ്രകാരം ചില മേഖലയിലെ ജോലിക്കായി എമിഗ്രേഷൻ ക്ലിയറൻസ് എടുക്കേണ്ടതാണ്. ഇതുപ്രകാരം 180,000 പൗരന്മാർക്ക് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യ എമിഗ്രേഷൻ ക്ലിയറൻസ് നൽകി.
2023ൽ 3.98 ലക്ഷം പേർക്കാണ് ആകെ എമിഗ്രേഷൻ ക്ലിയറൻസ് നൽകിയിരുന്നത്. വിദേശത്ത് നഴ്സിങ് പോലുള്ള ചില ജോലിക്ക് ക്ലിയറൻസ് ആവശ്യമാണ്.
പത്താം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും വിദേശത്ത് ജോലിയെടുക്കുന്നതിനായി എമിഗ്രേഷൻ ക്ലിയറൻസ് എടുക്കണം. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.
2020 ലെ ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 1.8 കോടി ഇന്ത്യക്കാർ ജന്മനാടിന് പുറത്ത് താമസിക്കുന്നുണ്ട്.
ചില രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾ ഒരു രാജ്യത്ത് അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് കേന്ദ്രീകരിക്കുമ്പോൾ ഇന്ത്യൻ പ്രവാസികൾ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രദേശങ്ങളിലുമുണ്ടെന്നും യു.എൻ നിരീക്ഷിച്ചിട്ടുണ്ട്.
ഗൾഫിന് പുറമെ, അമേരിക്ക, ആസ്ട്രേലിയ, യു.കെ എന്നിങ്ങനെ പടിഞ്ഞാറൻ രാജ്യങ്ങളിലും ഇന്ത്യക്കാർ സജീവമാണ്.
#673 #lakh #indians #in #oman