അബൂദബി:(gcc.truevisionnews.com)സ്വദേശിവത്കരണ നിയമം ലംഘിച്ച സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴ.
അബൂദബി മിസ്ഡിമിനർ കോടതിയാണ് 113 പൗരന്മാരെ നിയമിച്ചതായി കാണിച്ച കമ്പനിക്ക് പിഴ ചുമത്തിയത്. എമിറേറ്റൈസേഷൻ ലക്ഷ്യം പൂർത്തിയാക്കാനായി യഥാർഥമല്ലാത്ത പദവികളിൽ നിയമനം നടത്തിയതായാണ് കമ്പനി കാണിച്ചത്.
നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കനത്ത പിഴ ചുമത്തിയിരിക്കുന്നത്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കമ്പനിയുടെ എമിറേറ്റൈസേഷൻ നടപടിക്രമങ്ങളിലെ ഗുരുതരമായ ലംഘനങ്ങൾ നിരീക്ഷിച്ചു വരുകയായിരുന്നു.
തുടർന്ന്, നിയമലംഘനം അന്വേഷിക്കാൻ മന്ത്രാലയം അബൂദബി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ഈ അന്വേഷണത്തിൽ കമ്പനി ജീവനക്കാർക്ക് വർക്ക് പെർമിറ്റ് നൽകുകയും ജോലിയില്ലാത്ത ഇവരെ കമ്പനിയുടെ കീഴിൽ രജിസ്റ്റർ ചെയ്തതായും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ അബൂദബി പബ്ലിക് പ്രോസിക്യൂഷൻ നിയമലംഘനം നടത്തിയ കമ്പനിയെ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് കോടതി കമ്പനി കുറ്റക്കാരെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
എമിറേറ്റൈസേഷന്റെ പേരിൽ തട്ടിപ്പ് നടത്തുന്നതിനെതിരെ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശിവത്കരണം നടപ്പായെന്ന് വ്യാജ അവകാശവാദം നടത്തുക, നാഫിസ് പദ്ധതിയിലെ നേട്ടങ്ങൾക്കായി തെറ്റായ വിവരങ്ങൾ നൽകുക, നാഫിസിന് കീഴിൽ വർക് പെർമിറ്റും മറ്റാനുകൂല്യങ്ങളും നേടിയ ശേഷം ഗുണഭോക്താവ് ജോലിക്ക് ചേരാതിരിക്കുക, ഗുണഭോക്താവ് സ്ഥിരമായി ജോലി ചെയ്യാതിരിക്കുക, നിയമപരമായ കാരണമില്ലാതെ ഗുണഭോക്താവ് ജോലി അവസാനിപ്പിക്കുകയും അത് കമ്പനിയെ അറിയിക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയവയെല്ലാം തട്ടിപ്പായി കണക്കാക്കും.
അതോടൊപ്പം ഒരേ ചുമതലകൾ നിർവഹിക്കുന്ന സഹപ്രവർത്തകരെക്കാൾ കുറഞ്ഞ വേതനം സ്വദേശിക്ക് നൽകുക, നാഫിസിൽ നിന്ന് ആനുകൂല്യം ലഭിക്കുമെന്നുപറഞ്ഞ് സ്വദേശിയുടെ കൂലി കുറക്കുക എന്നിവ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇമാറാത്തി പൗരന്മാരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘നാഫിസ്’
. 2026ഓടെ രാജ്യത്തെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 10ശതമാനം സ്വദേശികളെ നിയമിക്കാനാണ് എമിറേറ്റൈസേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
#appointment #fake #natives #private #company #fined #one #crore #dirhams