മസ്കത്ത്: (gcc.truevisionnews.com) ന്യൂനമർദത്തിന്റെ ഭാഗമായി വെള്ളിയാഴ്ചവരെ ഒമാന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച തെക്കൻ ശർഖിയ, അൽ വുസ്ത, വടക്കൻ ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്.
10 മുതൽ 30 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 27മുതൽ 60 കി.മീറ്റർ വേഗത്തിൽ കാറ്റ് വിശിയേക്കും. ദൃശ്യപരത കുറയുകയും പൊടി ഉയരുകയും ചെയ്യും. കടൽ പ്രക്ഷുബ്ധമാകും.
അറബിക്കടലിന്റെ തീരത്ത് തിരമാലകൾ നാല് മീറ്റർവരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ ഇടക്കിടെ ഇടി മിന്നലോടെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ചാറ്റൽമഴയും ഒറ്റപ്പെട്ട മഴയും ലഭിച്ചേക്കും.
10 മുതൽ 25 മില്ലിമീറ്റർവരെ വിവിധ സ്ഥലങ്ങളിൽ മഴ കിട്ടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
#oman #heavy #rain #oman #till #Friday