അബൂദബി: (gcc.truevisionnews.com)യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ആശുപത്രികൾക്ക് 20 ടൺ മെഡിക്കൽ സഹായമയച്ച് യു.എ.ഇ.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ്-3യുടെ ഭാഗമായാണ് മരുന്നുകളടക്കമുള്ള സഹായ വസ്തുക്കൾ എത്തിച്ചത്.
ഗസ്സയിലെ ആശുപത്രികൾക്കും മറ്റ് ആരോഗ്യ സേവന സ്ഥാപനങ്ങൾക്കും ഉപകാരപ്പെടും. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, റെഡ് ക്രോസ്, അൽ ഔദ ആശുപത്രി എന്നിങ്ങനെ വിവിധ സേവന സംരംഭങ്ങളാണ് മെഡിക്കൽ സഹായം സ്വീകരിച്ചത്.
ആരോഗ്യ സംവിധാനങ്ങൾ ഒന്നടങ്കം തകർന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് ഗസ്സ അനുഭവിക്കുന്നത്. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയടക്കം പ്രായമായവർക്കുള്ള മരുന്നുകളും ഹൃദയരോഗ മരുന്നുകൾ, വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ശ്വസന, ദഹനവ്യവസ്ഥക്ക് ആവശ്യമായ മരുന്നുകൾ, കുട്ടികളുടെ അടിയന്തര മരുന്നുകൾ, ത്വഗ് രോഗങ്ങൾക്കുള്ള മരുന്നുകൾ, വിവിധ പ്രഥമശുശ്രൂഷ സാമഗ്രികൾ എന്നിവയും സഹായത്തിൽ ഉൾപ്പെടും.
നേരത്തേയും ഗസ്സയിലെ എല്ലാ ആശുപത്രികൾക്കും മരുന്നുകൾ, ആംബുലൻസുകൾ, ഉപകരണങ്ങൾ എന്നിവ ഗാലന്റ് നൈറ്റ്-3യുടെ ഭാഗമായി എത്തിച്ചിരുന്നു. അതിനിടെ, ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് രോഗികളും ഗുരുതരമായി പരിക്കേറ്റവരുമടക്കം 85 പേരെ യു.എ.ഇ ചികിത്സക്കായി അബൂദബിയിലെത്തിച്ചു.
ഇസ്രായേലിലെ റാമൻ വിമാനത്താവളം വഴിയാണ് 63 കുടുംബാംഗങ്ങളോടൊപ്പം ഇവരെ എത്തിച്ചിരിക്കുന്നത്.
യു.എ.ഇ ഗസ്സയിൽ നിന്ന് ഇതുവരെ 709 രോഗികളെയും 787 കുടുംബാംഗങ്ങളെയും ചികിത്സക്കായി അബൂദബിയിൽ എത്തിച്ചിട്ടുണ്ട്.
1000 പരിക്കേറ്റവർക്കും 1000 കാൻസർ രോഗികൾക്കും ചികിത്സ ലഭ്യമാക്കുന്ന യു.എ.ഇ പദ്ധതികളുടെ ഭാഗമായാണ് ഇവരെ എത്തിച്ചത്.
ഗസ്സയിൽ യുദ്ധം ആരംഭിച്ചത് മുതൽ വിവിധ ജീവകാരുണ്യ സംരംഭങ്ങൾ യു.എ.ഇയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഫീൽഡ് ആശുപത്രി സ്ഥാപിച്ച് ചികിത്സ നൽകുന്നതിന് പുറമെയാണ് അബൂദബിയിൽ എത്തിച്ച് ചികിത്സ നൽകിവരുന്നത്.
ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് നിരവധി തവണകളിലായി ഭക്ഷണം അടക്കമുള്ള സഹായങ്ങളും എത്തിച്ചിട്ടുണ്ട്.
#uae- #brings #20 #tons #medical #aid #gaza #hospital