റിയാദ്: (gcc.truevisionnews.com) ഏതാനും നിമിഷം മുൻപുവരെ ഉമ്മയുടെ കൂടെ ആഹ്ലാദത്തിലും സന്തോഷത്തിലുമായിരുന്നു കുഞ്ഞ് ആസിയ ബിലാൽ. ഉമ്മയുടെ കൈ പിടിച്ച് തുള്ളിച്ചാടി നടക്കുകയായിരുന്നു ആ നാലുവയസ്സുകാരി.
ആ നിമിഷത്തിലെപ്പോഴോ ആണ് ഉമ്മയുടെ കയ്യിൽനിന്ന് ആസിയ കുതറിയോടിയത്. അവളോടുന്നതും നോക്കി നിൽക്കുകയായിരുന്നു ഉമ്മ. വളരെ പെട്ടെന്നാണ് വീടിനു മുന്നിലെ വാട്ടർ ടാങ്കിന്റെ മൂടി തകർന്ന് അവൾ താഴേക്ക് വീണത്. ആർത്തു നിലവിളിക്കുകയല്ലാതെ ഉമ്മയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഓടിയെത്തിയവരിൽ പാക്കിസ്ഥാനിലെ ലാഹോർ സ്വദേശി അബ്ദുൽ റഹ്‌മാനുമുണ്ടായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ആസിയയുടെ ജീവൻ രക്ഷിക്കാനായി അബ്ദുൽ റഹ്‌മാൻ വെള്ളക്കുഴിയിലേക്കിറങ്ങി.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആസിയയെ മുകളിൽ എത്തിക്കുമ്പോൾ അവളിൽ ജീവന്റെ തുടിപ്പുണ്ടായിരുന്നു. അപ്പോഴേക്കും ആകെ തളർന്ന റഹ്‌മാൻ ടാങ്കിൽനിന്ന് പുറത്തേക്ക് കയറാനാകാതെ തളർന്നു.
കയറിൽ കെട്ടിയാണ് പിന്നീട് റഹ്‌മാനെ പുറത്തേക്കെടുത്തത്. ഇരുവരെയും സൗദി റെഡ് ക്രസന്റ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളം കുടിച്ച് അവശയായ ആസിയയെ രക്ഷിക്കാൻ ഡോക്ടർമാർ ആവതും ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. ആസിയയുടെ ജീവൻ രക്ഷിക്കാനായില്ല.
റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ യുകെജി വിദ്യാർഥിയായിരുന്നു ആസിയ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സ്കൂൾ വിട്ട ശേഷം ഉമ്മയോടൊപ്പം സ്കൂളിന് സമീപത്തു തന്നെയുള്ള വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വീടിന് മുന്നിൽ, ഭൂമിക്കടിയിലുള്ള വാട്ടർ ടാങ്കിലേക്ക് വീണാണ് അപകടം സംഭവിച്ചത്. ഉമ്മയുടെ കൈ വിട്ട് ഓടുന്നതിനിടെ ടാങ്കിന്റെ മൂടിയിൽ ചവിട്ടിയപ്പോൾ മൂടി തകരുകയായിരുന്നു.
യുകെജി–എയിലെ കുഞ്ഞ് അസിയ ബിലാലിന്റെ അകാല വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പുറത്തിറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു. സ്കൂൾ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ, വീടിന് മുന്നിലുള്ള ഭൂമിക്കടിയിലെ വാട്ടർ ടാങ്കിന്റെ മൂടി തകർന്ന്, അസിയ ദാരുണമായി അതിന്റെ ആഴങ്ങളിലേക്ക് വീണു.
ജീവൻ രക്ഷിക്കാനുള്ള മുഴുവൻ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിക്കാനായില്ല. അവിചാരിതമായ നഷ്ടത്തിന്റെ നിമിഷത്തിൽ അവർക്ക് ശക്തിയും ധൈര്യവും ലഭിക്കാൻ ഞങ്ങൾ പ്രാർഥിക്കുന്നു.
ദുരന്തത്തിന്റെ വെളിച്ചത്തിൽ, എല്ലാ രക്ഷിതാക്കളോടും ബന്ധപ്പെട്ടവരോടും എല്ലാ തരത്തിലും അതീവ ജാഗ്രത പുലർത്താനും എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അഭ്യർഥിക്കുന്നു.
നമ്മുടെ കുട്ടികൾ വിലമതിക്കാനാവാത്ത സമ്മാനങ്ങളാണ്. അവരുടെ സംരക്ഷണം എപ്പോഴും നമ്മുടെ ഏറ്റവും വലിയ മുൻഗണനയായിരിക്കണമെന്നും സ്കൂൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
#Asiasuffers #stroke #rescue #efforts #vain #four #year #oldgirl #longer #able #jump #walk