കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച വരെ കാറ്റ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.
പകൽ സമയത്തെ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതലാകുമെന്നാണ് സൂചന. ഇത് തുറസ്സായ പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയാൻ കാരണമാകും. രാത്രികാലങ്ങളിൽ കാറ്റിന്റെ വേഗതയിൽ നേരിയ കുറവുണ്ടാകും. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാം.
ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം.തിരമാലകൾ ആറ് അടിക്ക് മുകളിൽ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ യാത്രക്കാർ ജാഗ്രത പാലിക്കണം.
അതേസമയം, ബുധനാഴ്ച രാവിലെ കാറ്റ് ആരംഭിക്കുമെന്ന് കാലാവസ്ഥാ ഭൂപടങ്ങൾ സൂചിപ്പിച്ചിരുന്നുവെങ്കിലും ശക്തിപ്പെട്ടില്ല. ഞായറാഴ്ച രാത്രി ശക്തമായ പൊടിക്കാറ്റിന് രാജ്യം സാക്ഷിയായിരുന്നു.കൃത്യമായ കാലാവസ്ഥാ വിവരങ്ങൾക്ക് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ ചാനലുകൾ എന്നിവ പിന്തുടരാൻ ധരാർ അൽ അലി അഭ്യർഥിച്ചു.
Windy until Saturday strong winds expected continue