ദമ്മാം: (gcc.truevisionnews.com)വ്യക്തിഗത ചിത്രപ്രദർശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദമ്മാമിലെ കൾച്ചർ ആൻഡ് ആർട്സ് അസോസിയേഷനിൽ നടന്ന പ്രമുഖ സൗദി ചിത്രകാരി ഫൗസിയ അൽ ഉസ്മാന്റെ ചിത്രപ്രദർശനം സമാപിച്ചു. പ്രകൃതിയുടെ ഹൃദയത്തിൽനിന്ന് ഊറ്റിയെടുത്ത പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തന്റെ ചിത്രങ്ങളെന്ന് ഫൗസിയ പറഞ്ഞു.
ചിത്രപ്രദർശനം പ്രമുഖ കലാകാരിയും ആർക്കിടെക്ചറുമായ ഷുആൺ അൽ ദോസരി ഉദ്ഘാടനം ചെയ്തു. ജീവിതത്തിരക്കുകൾക്കിടയിലും സൗന്ദര്യത്താൽ സ്പന്ദിക്കുന്ന വൈകാരികാവസ്ഥയുടെ പ്രതിഫലനമാണ് ഫൗസിയയുടെ ചിത്രങ്ങളെന്ന് ഷൂആൺ അൽ ദോസരി പറഞ്ഞു. ‘രുചി’ എന്ന പ്രചോദന അടിസ്ഥാനത്തിലാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്.
വളരെ നിസ്സാരമെന്ന് തോന്നിക്കുന്ന കാഴ്ചകൾപോലും അതിമനോഹര ചിത്രങ്ങളാക്കാൻ ഫൗസിയക്ക് കഴിഞ്ഞു. ഈന്തപ്പനയിൽനിന്ന്, പൂക്കളിൽനിന്ന്, ജീവിതത്തിലേക്ക് മന്ത്രം പോലെ വ്യാപിച്ച ഓരോ കാഴ്ചയിൽനിന്നും എന്നിൽ ചിത്രങ്ങൾ പിറക്കുകയായിരുന്നു എന്ന് ഫൗസിയ പറഞ്ഞു. പ്രകൃതിയാണ് എന്റെ ആദ്യത്തെ പ്രചോദനം. അതിന്റെ ലളിതവും ആഴമേറിയതുമായ നിറങ്ങൾ, കുട്ടിക്കാലം മുതൽ എന്റെ ഓർമയിൽ സൂക്ഷിച്ചിരിക്കുന്ന ചിഹ്നങ്ങൾ, ഈന്തപ്പനയോലകൾ മുതൽ തൂങ്ങിക്കിടക്കുന്ന നനഞ്ഞ മണികൾ വരെയുള്ള എല്ലാ സഞ്ചിത ദൃശ്യങ്ങളും ചായക്കൂട്ടുകളായി മനസ്സിൽ നിറഞ്ഞു.
32 ഓളം ചിത്രങ്ങളാണ് ഫൗസിയ പ്രദർശിപ്പിച്ചത്. സൗദിയുടെ വിവിധ മേഖലകളിൽനിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് ചിത്രപ്രദർശനം കാണാനെത്തിയത്. അമൂർത്തമായ രചനാശൈലിയെ ഒരു ദൃശ്യഭാഷയായി പ്രകടിപ്പിക്കുന്ന രീതിയാണ് ഓരോ ചിത്രങ്ങളിലും ഫൗസിയ സന്നിവേശിപ്പിച്ചിട്ടുള്ളത്.രാജ്യത്തിന്റെ സംസ്കാരത്തിന്റെയും സ്ഥിരതയുടെയും ദാനത്തിന്റെയും പ്രതീകമായ ഈന്തപ്പനയുടെ വിവിധ ഭാവങ്ങൾ ഫൗസിയയുടെ ചിത്രങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
എല്ലാ ഉഷ്ണങ്ങളേയും അതിജയിച്ച് ചിരിച്ചുനിൽക്കുന്ന പൂക്കൾ ‘വിഷൻ 2030’യുടെ ഭാഗമായ ഗ്രീൻ സൗദിയുടെ പ്രതീക്ഷയാെണന്ന് ഫൗസിയ പറഞ്ഞു.എല്ലാ വിഭാഗത്തിലുള്ള ആസ്വാദകർക്കും ചക്രവാളത്തിൽ ശോഭനമായ ഭാവി കാണുന്നവർക്കും ഹൃദയത്തിൽ മനോഹരമായ ഭൂതകാലത്തെക്കുറിച്ച് നൊസ്റ്റാൾജിയ വഹിക്കുന്നവർക്കും വേണ്ടിയുള്ള ഒരു ചിത്രം കൂടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
saudi artists exhibition artist Fawzia Al Usman