റിയാദ്:'സതി'യുടെ പ്രീമിയർ പ്രദർശനം നടന്നു.ഇന്ത്യൻ പ്രവാസികൾ സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ സിനിമയായ 'സതി'യുടെ പ്രീമിയർ പ്രദർശനം വ്യാഴാഴ്ച രാത്രി റിയാദ് ഇന്ത്യൻ എംബസിയുടെ തീയേറ്റർ ഹാളിൽ നടന്നു. മുഖ്യാതിഥികളായി ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദ്, സൗദിയിലെ പ്രമുഖ സിനിമാ പ്രവർത്തകനായ റാബിയ അൽ നാസർ എന്നിവർ സന്നിഹിതരായ പ്രീമിയറിൽ ചിത്രത്തിലെ അഭിനേതാക്കൾ, അണിയറപ്രവർത്തകർ, ക്ഷണിക്കപ്പെട്ട പ്രേക്ഷകർ എന്നിവരും പങ്കെടുത്തു.
വിവിധ ഒ.ടി.ടി പ്ലാറ്റുഫോമുകളിലൂടെ 'സതി' ജനങ്ങളിലേക്ക് എത്തിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇന്ത്യൻ സിനിമയാണ് വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർ എന്ന് ഇന്ത്യൻ അംബാസിഡർ ഔസാഫ് സഈദ് പ്രദർശനത്തിന് ശേഷം നടന്ന ചടങ്ങിൽ പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിലുടനീളം സഹകരിച്ച സൗദി സിനിമാ പ്രവർത്തകനായ അൽ റാബിയയുടെ പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു.
പുരോഗമനപരമെന്ന് വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിലും സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന പുരുഷാധിപത്യത്തിന്റെയും അതിനെ നേരിടാൻ സാഹചര്യങ്ങളിലൂടെ ശക്തിയാർജിക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രത്തിലൂടെയും രൂപപ്പെടുത്തിയ ഈ സിനിമയുടെ തീം എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു ആശയം സിനിമയാക്കാൻ ധൈരം കാട്ടിയ സിനിമാ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ചലച്ചിത്ര പദ്ധതികളിൽ സൗദിയുമായി കൂടുതൽ സഹകരിക്കാൻ ഇന്ത്യൻ പ്രവാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും മോമെന്റോകൾ വിതരണം ചെയ്തു. ഗോപൻ എസ് കൊല്ലം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ആതിര ഗോപൻ ആണ് ഡ്യൂൺസ് മീഡിയയുടെ ബാനറിൽ പ്രൊഡ്യൂസര്‍ ലിൻഡ ഫ്രാൻസിസും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഫ്രാന്‍സിസ് ക്ലെമന്റും ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനറായി ബെന്നി മാത്യുവും പ്രൊഡക്ഷൻ മാനേജരായി ആന്റണി റെവലും പ്രവർത്തിച്ചു. ഒരു സ്ത്രീ ആയതിന്റെ പേരിൽ മാത്രം വിവിധ സാഹചര്യങ്ങളിൽ അഭിമുഘീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളിൽ തളർന്നു പോകുന്ന കഥാപാത്രമായും പരകായ പ്രവേശം പോലെ പ്രതിസന്ധികളെ നേരിട്ട് സ്ത്രീശക്തിയുടെ പര്യായമായി മാറുന്ന തനിക്കു നേരെ ഉണ്ടായ നെറികേടുകളോട് ശക്തമായി പ്രതികരിക്കുന്ന സ്ത്രീ ആയും ഗ്രീഷ്മ ജോയി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നജാത് ആണ്.
വിഷ്ണു വിജയൻ, അശോക് മിശ്ര, ഇന്ദു ബെന്നി, മുരളി, മൗന മുരളി, ശർമിള ശ്രീനിവാസ് എന്നിവരടങ്ങുന്ന അഭിനേതാക്കൾ അവരുടെ മികച്ച പ്രകടനങ്ങളാൽ ശ്രദ്ധിക്കപ്പെട്ടു. ക്യാമറയ്ക്ക് പിന്നിൽ രാജേഷ് ഗോപാലിന്റെ അതിഗംഭീരമായ കയ്യടക്കം എടുത്തുപറയേണ്ടതാണ്. നൃത്തസംവിധാനം ചെയ്തിരിക്കുന്നത് വി-ഫ്രീക്കും രശ്മി വിനോദും. ഏപ്രിൽ മാസത്തിൽ നടത്തിയ പൂജയോടെ ആരംഭിച്ച 'സതി' ഏകദേശം ആറു മാസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഈ കാലഘട്ടത്തിലും ഏറ്റവും പ്രാധാന്യമർഹിക്കുന്ന സ്ത്രീ ശാക്തീകരണം എന്ന ആശയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ സിനിമ ആവിഷ്കരിച്ചിരിക്കുന്നത്. സൗദിയുടെ പരിമിതമായ സാഹചര്യത്തിലും, ഏറ്റവും മേന്മയുള്ള ദൃശ്യങ്ങളിലും അവതരണത്തിലും ഈ സിനിമ ജനങ്ങളിലേക്കെത്തിക്കുക എന്ന വെല്ലുവിളിയാണ് ഇതിന്റെ പ്രവർത്തകർ വിജയകരമായി പൂർത്തീകരിച്ചതെന്നു ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ കലാകാരന്മാർക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടു ഫ്രാൻസിസ് ക്ലെമന്റ് പറഞ്ഞു.
The premiere of 'Sati' was held