അബൂദബി: പ്രസിദ്ധമാണ് അബൂദബിയുടെ മൃഗസ്നേഹം. യു.എ.ഇയുടെ ദേശീയ മൃഗമായ ഫാല്ക്കണുകള്ക്കായി അത്യാധുനിക സംവിധാനമുള്ള ആശുപത്രി, വളര്ത്തുമൃഗ സൗഹൃദ ഹോട്ടലുകള് അങ്ങനെ നിരവധി കാര്യങ്ങളാണ് മൃഗങ്ങള്ക്കുവേണ്ടി മാത്രമായി അബൂദബിയിലുള്ളത്.
പുതിയൊരു മൃഗസ്നേഹ-പരിപാലന കാല് വെപ്പാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവുപൂച്ചകള്ക്ക് ഭക്ഷണം കഴിക്കാനുള്ള കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിയല് എസ്റ്റേറ്റ് മാനേജ്‌മന്റ് സ്ഥാപനമായ പ്രോവിസാണ് പദ്ധതിക്കു പിന്നില്. തെരുവുപൂച്ചകള്ക്ക് ഭക്ഷണം നല്കുന്നതിന് ചെറുകൂടുകളാണ് ഇവര് സ്ഥാപിച്ചത്.
അല്റീം ദ്വീപിലെ കേറ്റ്, ആര്ക് ടവറുകളിലാണ് പ്രോവിസ് പൈലറ്റ് പദ്ധതിക്കു തുടക്കം കുറിച്ചത്. തെരുവുപൂച്ചകള്ക്ക് ഭക്ഷണം ഒരുക്കി വെക്കാന് ഒരിടം ലഭിച്ചതോടെ പൂച്ച സ്നേഹികളും ആഹ്ലാദത്തിലാണ്. തെരുവുപൂച്ചകളെ അണുവിമുക്തമാക്കുകയും വാക്സിനേഷനു വിധേയമാക്കുകയും ചെയ്തിരുന്നുവെന്നും തീറ്റ കൊടുക്കാന് ഒരിടമില്ലാത്തത് തന്നെ അലട്ടിയിരുന്നതായും യാസ് ദ്വീപ് നിവാസിയായ മയദ ഊദ എന്ന യുവതി പറയുന്നു.
തെരുവുപൂച്ചകള്ക്ക് മികച്ച ഭക്ഷണരീതി ശീലിപ്പിക്കുന്നതിലൂടെ താമസക്കാരുടെ സുരക്ഷയും ഉറപ്പാക്കാന് ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രോവിസ് എക്സി. ഡയറക്ടര്‍ ഡാണ അവാദ് പറയുന്നു. ഭാവിയിൽ കൂടുതല് സ്ഥലങ്ങളില് ഇത്തരം കേന്ദ്രങ്ങള് സ്ഥാപിക്കുമെന്നും ഡാണ അവാദ് കൂട്ടിച്ചേര്ത്തു.
Abu Dhabi is back with a new lease of life in animal care