ദോഹ: (gcc.truevisionnews.com)പാരിസ് ഒളിമ്പിക്സിന്റെ ദീപശിഖ വഹിച്ച് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ പ്രസിഡന്റ് നാസർ അൽ ഖിലൈഫി.
കഴിഞ്ഞ ദിവസമാണ് പാരിസ് നഗര പ്രദേശമായ വിഗ്നസിലൂടെ കടന്നുപോയ ദീപശിഖയുടെ പ്രയാണത്തിൽ ഖത്തറിന്റെകൂടി അഭിമാനമായ നാസർ അൽ ഖിലൈഫി പങ്കുചേർന്നത്.
അര കിലോമീറ്ററോളം ദൂരത്തിൽ ദീപശിഖയും വഹിച്ച് ഓടിയ ഇദ്ദേഹം ജുഡോ ക്ലബ് പ്രസിഡന്റ് മാരി റൊളാൻഡെ ബിറോക്ക് ഒളിമ്പിക്സ് വിളക്ക് കൈമാറി.
മേയ് എട്ടിന് തുടങ്ങി ഒളിമ്പിക്സിന്റെ ഉദ്ഘാടന ദിനമായ ജൂലൈ 26 വരെ നീണ്ടുനിൽക്കുന്ന ദീപശിഖ പ്രയാണം ഫ്രാൻസിലെ വിവിധ നഗരങ്ങൾ താണ്ടിയാണ് പാരിസിലെത്തിയത്.
കായിക താരങ്ങൾ, ചലച്ചിത്ര താരങ്ങൾ, സാംസ്കാരിക -സാഹിത്യ -മാധ്യമ പ്രവർത്തകർ, രാഷ്ട്ര നേതാക്കൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ ദീപശിഖ പ്രയാണത്തിന്റെ ഭാഗമായിരുന്നു.
ഐക്യം, സമാധാനം, കരുത്ത് എന്നിവയുടെ പ്രതീകമായ ഒളിമ്പിക് ദീപശിഖ വഹിച്ച് പ്രയാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് അഭിമാനകരവും, വലിയ ആദരവുള്ള നിമിഷവുമായി മാറിയെന്ന് നാസർ അൽ ഖിലൈഫി പ്രതികരിച്ചു.
ഫ്രഞ്ച് ക്ലബായി പി.എസ്.ജിയുടെ 26 താരങ്ങളാണ് ഒളിമ്പിക്സിൽ വിവിധ രാജ്യങ്ങൾക്കായി മത്സരിക്കുന്നത്.
പുരുഷ -വനിത ഫുട്ബാൾ, ഹാൻഡ്ബാൾ, ജൂഡോ എന്നിവയിലാണ് പി.എസ്.ജി താരങ്ങൾ പെങ്കടുക്കുന്നത്.
#nasseralkhilaifi #with #olympic #torch