മനാമ: (gcc.truevisionnews.com) രാജ്യത്തേക്ക് കടന്നുവന്ന എല്ലാ നന്മകളെയും സ്വീകരിക്കുക എന്നതായിരുന്നു രാജ്യത്തിന്റെ പൊതുസ്വഭാവം. അതുകൊണ്ട് തന്നെ നിലനിൽക്കുന്ന വർഗീയതയെ മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ബഹുസ്വരതയുടെയും ഭൂമികയിൽനിന്ന് ചെറുക്കുവാൻ നമുക്ക് സാധിക്കുമെന്ന് നാടിന്റെ നന്മയ്ക്ക് നമ്മളൊന്നിക്കണമെന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടോക്ക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജനാധിപത്യ സമൂഹത്തിൽ സംഘ്പരിവാർ സ്വീകരിച്ച തന്ത്രപരമായ സമീപനമാണ് മുസ്ലിംകളും അല്ലാത്തവരും എന്ന ഒരു വേർതിരിവ് സൃഷ്ടിച്ചെടുക്കുകയെന്നത്. അതിലൂടെ മുസ്ലിം വെറുപ്പിന്റെ സാമൂഹിക സംഘാടനവും വെറുപ്പിന്റെ പൊതുബോധവും നിർമിച്ചെടുക്കുവാനും അവർക്ക് സാധിച്ചതിന്റെ സാമൂഹിക ദുരന്തമാണ് പൗരത്വ നിയമം തുടങ്ങി വഖഫ് സ്വത്തുക്കൾ കൈയേറുന്ന ഭരണഘടനാ വിരുദ്ധ നിയമങ്ങളിലൂടെ രാജ്യം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
പുതിയ പാർലമെന്റിൽ 800 ലധികം സീറ്റുകൾ ഉണ്ടാക്കിയത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഒരു ഘട്ടമാണ്. ഭയത്തിലൂടെയും വർഗീയതയിലൂടെയും മനുഷ്യത്വത്തിനെതിരായ ആയുധങ്ങങ്ങളാക്കി മാറ്റുകയാണ് എന്ന് നമ്മൾ തിരിച്ചറിഞ്ഞ് മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ രാജ്യത്ത് മാനവികത നിലനിൽക്കുകയുള്ളൂ എന്ന് നമ്മൾ തിരിച്ചറിയണം.
ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ മേഖലകളിലും എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കണം. അതിനപ്പുറമുള്ള സർവാധികാര സംവിധാനത്തിന്റെ അധിനിവേശത്തെ രാജ്യം നിരാകരിക്കണം എന്നും ടോക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ നയിച്ച ടോക് ഷോയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഇ.എ.സലീം, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, സാനി പോൾ, ഇ വി രാജീവൻ, പ്രമോദ് കോട്ടപ്പള്ളി, സൽമാനുൽ ഫാരിസ്, എസ് വി. ബഷീർ, അനിൽകുമാർ യു.കെ, ജമാൽ നദ്വി ഇരിങ്ങൽ, ജലീൽ മല്ലപ്പള്ളി, സബീന ഖാദർ, ഗഫൂർ കൈപ്പമംഗലം, ലത്തീഫ് കൊളിക്കൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതം ആശസിച്ചു. ശരീഫ് കായണ്ണ വിഷയം അവതരിപ്പിച്ചു.
We must unite for good country Pravasi Welfare Talk Show