റിയാദ് : (gccnews.in) അടുത്ത ആഴ്ച രാജ്യത്ത് അന്തരീക്ഷ താപനില ഗണ്യമായി വർധിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കിഴക്കൻ പ്രവിശ്യകളിൽ, താപനില 48 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, ഖസീം, മദീന എന്നിവിടങ്ങളിൽ ഉൾപ്പെടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
ഉഷ്ണ തരംഗം വരും ദിവസങ്ങളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത ചൂട് അനുഭവപ്പെടുന്ന ഉച്ചസമയങ്ങളിൽ നേരിട്ട് ശരീരത്തിൽ വെയിലേക്കരുതെന്ന് ആരോഗ്യ മന്ത്രാലയവും പൊതു ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ട്.
പകൽ 11 മണി മുതൽ 3 വരെയുള്ള സമയത്ത് പുറത്ത് ഇറങ്ങേണ്ടി വരുന്നവർ നേരിട്ട് വെയിൽ ഏൽക്കാത്തവിധം കുടയോ, തൊപ്പിയോ, ശിരോവസ്ത്രമോ കരുതണമെന്നും അരോഗ്യമന്ത്രാലയം അറിയിച്ചു.
നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും വേനൽക്കാലത്തിന് അനുയോജ്യമായ പഴങ്ങളും പഴച്ചാറുകളും കഴിക്കുകയം കുടിക്കുകയും ചെയ്യാം.
പച്ചക്കറികളും ഇലക്കറികളുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
കിഴക്കൻ പ്രവിശ്യയിൽ ചൂട് കനത്ത സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയെ കരുതി ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഇന്ന്(ഞായർ) മുതൽ ജൂലൈ 4 വ്യാഴം വരെ ഓൺലൈനിൽ ആയിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
#heat #likely #increase #SaudiArabia #next #week #Dammam #IndianSchool #classes #made #online